പഞ്ചായത്തിന്റെയും നഗരസഭയുടെയും ചരിത്രം
ആദ്യം മലപ്പുറം താലൂക്ക് ബോര്‍ഡിന് കീഴിലും പിന്നീട് വള്ളുവനാട് താലൂക്ക് ബോര്‍ഡിന് കീഴിലുമായിരുന്നു പെരിന്തല്‍മണ്ണ പ്രദേശം. 1933ലാണ് പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. 1920ലെ ലോക്കല്‍ ബോഡീസ് ആക്റ്റ് അനുസരിച്ച് കക്കൂത്ത്, പെരിന്തല്‍മണ്ണ വില്ലേജുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പഞ്ചായത്ത്. പൊതുയോഗം വിളിച്ചുകൂട്ടിയായിരുന്നു പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത്. എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രസിഡന്റിന് ഉണ്ടായിരുന്നു.
ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി. അച്യുതമേനോന്‍ (1937), 1939ല്‍ കിഴിശ്ശേരി ചേക്കു റെയ്ഞ്ചര്‍ പ്രസിഡന്റായി. 1949ല്‍ ബോര്‍ഡ് പിരിച്ചുവിട്ടു. ഈശ്വരയ്യര്‍ സ്പെഷ്യല്‍ ഓഫീസറായി ചാര്‍ജെടുത്തു. 1942ലെ തെരഞ്ഞെടുപ്പില്‍ ഒതുക്കുംപുറത്ത് ഉണ്ണ്യാലി സാഹിബ് പ്രസിഡന്റായി തുടര്‍ച്ചയായി 10 വര്‍ഷം ഭരണം നടത്തി. 1953ല്‍ വീണ്ടും തെരഞ്ഞെടുപ്പ്, ആദ്യമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ സ. ഗോവിന്ദന്‍ നമ്പ്യാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
നെച്ചിയില്‍ മൊയ്തീന്‍കുട്ടി സാഹിബ്, കിഴിശ്ശേരി മുഹമ്മദ്, കിഴിശ്ശേരി ഉണ്ണീന്‍കുട്ടി, പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങള്‍, നാണാസാമി, പി.ടി. അഹമ്മദ്കുട്ടി സാഹിബ്, ഒ. മരക്കാര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. അന്ന് ഹരിജന്‍ സംവരണമില്ലായിരുന്നു. 1954 മുതല്‍ പെരിന്തല്‍മണ്ണ മേജര്‍ പഞ്ചായത്തായി. അതിന്റെ ഫലമായി എക്സിക്യൂട്ടീവ് ഓഫീസര്‍ നിലവില്‍ വന്നു.
1953ല്‍ പ്രസിഡന്റായ ഗോവിന്ദന്‍ നമ്പ്യാര്‍ പെരിന്തല്‍മണ്ണയുടെ സമഗ്രമായ വികസനത്തിന് തുടക്കമിട്ടു. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം നടത്തി നേതാവായി മാറിയ സ. നമ്പ്യാര്‍ ജനകീയ വികസനനയം നടപ്പാക്കാന്‍ ശ്രമിച്ചു. പൊതുജന വായനശാലകള്‍, പൊതുകിണറുകള്‍, പൊതുകുളങ്ങള്‍, പൊതുവഴികള്‍ തുടങ്ങി പ്രദേശത്തിന്റെ മുക്കിലും മൂലയിലും വികസനം എത്തിക്കുന്നതില്‍ ജാഗരൂകനായി. ആദ്യത്തെ പഞ്ചായത്ത് ബസ് സ്റ്റാന്റ് പണിതത് അന്നായിരുന്നു. തുടര്‍ന്ന് 1957ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1962ല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പിരിച്ചുവിട്ടതിനെതുടര്‍ന്ന് പഞ്ചായത്തിന്റെ ഘടനയില്‍ മാറ്റംവരുത്തി. എരവിമംഗലം, പാതാക്കര ദേശം എന്നിവകൂടി കൂട്ടിച്ചേര്‍ത്ത് പഞ്ചായത്ത് വിപുലമാക്കി. 1963ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. അഡ്വ. ഉമ്മര്‍ഖാന്‍ പ്രസിഡന്റ്, അയ്യപ്പുണ്ണി, ഇ.കെ. കമ്മ, കുഞ്ചുരാമന്‍ നായര്‍, നാരായണമേനോന്‍, പി.എന്‍. എരവിമംഗലം, പി. മുഹമ്മദ്, ടി. മൊയ്തുണ്ണി, പരിയാണി, മറിയാമ ജോണ്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. ഈ ബോര്‍ഡ് 1979 വരെ ഭരണത്തിലിരുന്നു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 1975ല്‍ പെരിന്തല്‍മണ്ണ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായി.
1979ലെ തെരഞ്ഞെടുപ്പില്‍ ആലിക്കല്‍ കുഞ്ഞാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ ബോര്‍ഡ് പിരിച്ചുവിട്ടതിനെതുടര്‍ന്ന് 84 മുതല്‍ 88 വരെ താലൂക്ക് പഞ്ചായത്ത് ഓഫീസര്‍ സ്പെഷ്യല്‍ ഓഫീസറായി ഭരണം നടത്തി. 1988ലെ തെരഞ്ഞെടുപ്പില്‍ ആര്‍.എന്‍. മനഴി പ്രസിഡന്റും ടി. മൂസ്സുക്കുട്ടി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
1990 ഫെബ്രുവരി 10ന് ഏതാനും പഞ്ചായത്തുകളോടൊപ്പം പെരിന്തല്‍മണ്ണയും നഗരസഭയായി ഉയര്‍ത്തപ്പെട്ടു. ആദ്യത്തെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായി ആര്‍.എന്‍. മനഴി ചുമതലയേറ്റു. 1991ല്‍ അഡ്വൈസറി ബോര്‍ഡ് പിരിച്ചുവിടുകയും സ്പെഷ്യല്‍ ഓഫീസര്‍ ചാര്‍ജെടുക്കുകയും ചെയ്തു. പിന്നീട് തെരഞ്ഞെടുപ്പ്, 1995 ഒക്ടോബര്‍ 26ന് പുതിയ ഭരണസമിതി — പെരിന്തല്‍മണ്ണ നഗരസഭയുടെ പ്രഥമ ഭരണസമിതി — അധികാരത്തില്‍ വന്നു.
കെ.ടി. പ്രേമലത ചെയര്‍പേഴ്‌സനും, ആര്‍.എന്‍. മനഴി വൈസ് ചെയര്‍മാനും (ആര്‍.എന്‍. മനഴിയുടെ നിര്യാണത്തെ തുടര്‍ന്ന് കെ.പി. അയ്യപ്പന്‍ വൈസ് ചെയര്‍മാനായി) ആയിരുന്നു. 2000ല്‍ കെ.ടി. നാരായണന്‍ ചെയര്‍മാനും, എ. വേണുഗോപാല്‍ വൈസ് ചെയര്‍മാനും; 2005ല്‍ സി. ദിവാകരന്‍ ചെയര്‍മാനും, എ.ടി. നൂര്‍ജഹാന്‍ വൈസ് ചെയര്‍പേഴ്‌സനും; 2010ല്‍ നിഷി അനില്‍രാജ് ചെയര്‍പേഴ്‌സനും, കെ.പി. രവി വൈസ് ചെയര്‍മാനും. കെ.പി. രവിയുടെ നിര്യാണത്തെ തുടര്‍ന്ന് എം. മുഹമ്മദ് സലിം വൈസ് ചെയര്‍മാനും, 2015ല്‍ എം. മുഹമ്മദ് സലിം ചെയര്‍മാനും നിഷി അനില്‍രാജ് വൈസ് ചെയര്‍പേഴ്‌സനും, 2020ല്‍ പി. ഷാജി ചെയര്‍മാനും നസീറ ടീച്ചര്‍ വൈസ് ചെയര്‍പേഴ്‌സനും 2025 ൽ സുരയ്യ ഫാറൂഖ് ചെയര്‍പേഴ്‌സനും ഫസൽ മുഹമ്മദ് വൈസ് ചെയര്‍മാനുമായി നഗരസഭ ഭരണം തുടരുന്നു.